രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്. ജനുവരി 16ന് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും, അന്നേ ദിവസം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
പ്രതിയെ കസ്റ്റഡിയിൽ വിടേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആവശ്യമായ അന്വേഷണങ്ങൾ കസ്റ്റഡിയില്ലാതെയും നടത്താനാകുമെന്നും അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേസിന്റെ ഗൗരവവും അന്വേഷണത്തിന്റെ നിലവിലെ ഘട്ടവും പരിഗണിച്ചാണ് കസ്റ്റഡി അനിവാര്യമെന്ന് കോടതി വിലയിരുത്തിയത്.
ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ രാഹുലിനൊപ്പം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും, ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ച് നിർണായക വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്.
കസ്റ്റഡി കാലയളവിൽ അന്വേഷണ സംഘം പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും, കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. മൂന്ന് ദിവസത്തെ കസ്റ്റഡി പൂർത്തിയായതിന് ശേഷം ജനുവരി 16ന് രാഹുലിനെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.


