ജോസ് കെ മാണി എൽഡിഎഫിൽ സജീവം; യുഡിഎഫിലെപോലെ പ്രശ്നങ്ങൾ എൽഡിഎഫിലില്ല:എംഎ ബേബി

single-img
12 January 2026

ജോസ് കെ മാണി എൽഡിഎഫിൽ സജീവമായി തുടരുകയാണെന്നും ഇതുസംബന്ധിച്ച് യാതൊരു ഊഹാപോഹങ്ങൾക്കും അടിസ്ഥാനമില്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ പള്ളികൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ നടത്തുന്ന സംയുക്ത പ്രതിഷേധങ്ങളിൽ കേരള കോൺഗ്രസും പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകളുടെ ക്രമീകരണം എൽഡിഎഫ് തീരുമാനിക്കുമെന്നും പിന്നീട് സ്ഥാനാർഥികളെ നിശ്ചയിക്കുമെന്നും എം.എ. ബേബി അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരത്തിൽ ജോസ് കെ മാണി പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്. അതേസമയം, സമരദിനത്തിൽ ജോസ് കെ മാണി വിദേശത്തായിരുന്നുവെന്ന് കേരള കോൺഗ്രസ് (എം) വ്യക്തമാക്കി.

ഇക്കാര്യം മുൻകൂട്ടി എൽഡിഎഫിനെ അറിയിച്ചിരുന്നുവെന്നും മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ പങ്കെടുത്തുവെന്നും പാർട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പാർട്ടിക്കെതിരായ കരിവാരിത്തേക്കലാണെന്നും കേരള കോൺഗ്രസ് (എം) പ്രതികരിച്ചു.