മനുഷ്യരല്ലേ, ചൂടുകാലത്തൊക്കെ ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും; എന്നാൽ ഞാൻ ഉറങ്ങാറില്ല: അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി

single-img
12 January 2026

വിചാരണ കോടതിയുടെ വിമർശനം തള്ളി അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. കോടതിയുടേത് സത്യത്തിന് നിരക്കാത്ത വിമർശനമാണെന്നും എന്തുകൊണ്ടാണ് കോടതിയിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായതെന്ന് അറിയില്ലെന്നും ടി.ബി. മിനി പറഞ്ഞു. മനുഷ്യരല്ലേ, ചൂടുകാലത്തൊക്കെ ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും. എന്നാൽ താൻ ഉറങ്ങാറില്ല. അതിജീവിതയ്ക്ക് വേണ്ടി ആത്മാർഥമായി തന്നെയാണ് നിലകൊണ്ടതെന്നും ടി.ബി. മിനി പറഞ്ഞു.

ചൂടുകാലത്ത് ചിലപ്പോൾ ഉറങ്ങിക്കാണും. അത് മനുഷ്യസഹജമായ കാര്യമാണെന്നാണ് അഭിഭാഷകയുടെ വാദം. ഉറങ്ങി പോയിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ അതിജീവിതയ്ക്ക് വേണ്ടി ആത്മാർഥമായി തന്നെയാണ് നില കൊണ്ടത്.

ഈ കേസിനോടുള്ള ആത്മാർഥത കാരണം ജൂനിയേഴ്സ് ഇരിക്കേണ്ട സമയത്ത് പോലും കോടതിയിൽ ഹാജരായിട്ടുണ്ട്. ഇത് തൻ്റെ വിശ്വാസ്യത തകർക്കാൻ ഉള്ള ശ്രമമാണെന്നും ടി.ബി. മിനി പറഞ്ഞു.

അതിജീവിതയുടെ അഭിഭാഷകയെ വിചാരണ കോടതി രൂക്ഷമായാണ് വിമർശിച്ചത്. അതിജീവിത നൽകിയ ഹർജി പരിഗണിക്കുമ്പോഴും കോടതിയിൽ ഹാജരാകാത്തതിനായിരുന്നു വിമർശനം. കോടതിയിൽ വന്നാൽ ഉറങ്ങുന്ന അഡ്വക്കേറ്റ് ടി.ബി. മിനി, ഇവിടം ഒരു വിശ്രമ സ്ഥലമായാണ് കാണുന്നതെന്നും കോടതി വിമർശിച്ചു. അഭിഭാഷക കേസിൽ ഹാജരായി തുടങ്ങിയത് 2023ന് ശേഷമാണ്. പിന്നെ എങ്ങനെ അതിന് മുമ്പുള്ള കാര്യങ്ങൾ അറിയാൻ കഴിയും എന്നും കോടതി ചോദിച്ചു.