ഒരു ഫ്ലയിംഗ് കിസ്സിന്‍റെ പേരിൽ ക്ഷുഭിതയാവുന്ന സ്മൃതി ഇറാനി മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടില്ലേ; ചോദ്യവുമായി പ്രകാശ് രാജ്

single-img
10 August 2023

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണം ഉയർത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. പാർലമെന്റിൽ ഒരു ഫ്ലയിംഗ് കിസ്സിന്‍റെ പേരിൽ ക്ഷുഭിതയാവുന്ന സ്മൃതി ഇറാനി മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടില്ലേ എന്ന് പ്രകാശ് രാജ് ചോദിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് നേർക്കും പ്രകാശ് രാജ് വിമർശനമുന്നയിച്ചു. ഇത്തവണ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിൽ ഗൂഢാലോചനയെന്നുള്ള മന്ത്രിയുടെ പരാമര്ശത്തെയാണ് പ്രകാശ് രാജ് ചോദ്യം ചെയ്തത്. മണിപ്പൂരിൽ ആര് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നതാണോ ആര് വീഡിയോ പുറത്തുവിട്ടു എന്നതാണോ പ്രധാനമെന്ന് പ്രകാശ് രാജ് ചോദിച്ചു.

അതേസമയം, പാർലമെന്റിൽ ബിജെപിയുടെ വനിത എംപിമാർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. അതിനു പിന്നാലെ സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു. വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.