ജെപിസി അന്വേഷണം ആവശ്യമില്ല; അ​ദാ​നി​യെ പി​ന്തു​ണ​ച്ച് ശ​ര​ത് പ​വാ​ർ

single-img
8 April 2023

അ​ദാ​നി​ക്കെ​തി​രാ​യ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ശ​ര​ത് പ​വാ​ർ. അമേരിക്ക ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ നടത്തിയ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യമാണ് ശരത് പവാർ തള്ളിയത്. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദാനി ഗ്രൂപ്പിനെ പിന്തുണച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി രംഗത്തെത്തിയത്.

രാജ്യത്തെ ഒരു വ്യക്തിഗത വ്യാവസായിക ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടത്. അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം വേണം. പാർലമെന്റിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ തനിക്ക് വ്യത്യസ്തമായ നിലപാടാണ് ഉള്ളത്. ജെപിസി വേണമെന്ന ആവശ്യം തെറ്റല്ല. നേരത്തെ നിരവധി പ്രശ്നങ്ങളിൽ ജെപിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതിന്റെ ആവശ്യമെന്താണ്. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പാർലമെന്റ് സമിതിയെ നിയോഗിച്ചാൽ അതിന്റെ മേൽനോട്ടം ഭരണകക്ഷിക്കായിരിക്കും. അപ്പോൾ എങ്ങനെയാണ് ഭരിക്കുന്ന പാർട്ടിക്കെതിരായ ആരോപണങ്ങളിൽ സത്യം പുറത്തു വരുക- ശ​ര​ത് പ​വാ​ർ ചോദിച്ചു.

നേരത്തെ ടാറ്റ-ബിർള എന്നിവർക്കെതിരെ സംസാരിക്കാറായിരുന്നു പതിവെങ്കിൽ ഇന്നത് അദാനി-അംബാനിയ്ക്കെതിരെയായി മാറി. ഇത് തികച്ചും അർത്ഥശൂന്യമാണ്. രാജ്യത്തിന് ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുളളവരാണ് അദാനിയും അംബാനിയും. പെട്രോകെമിക്കൽ മേഖലയിൽ അംബാനിയും വൈദ്യുതി മേഖലയിൽ അദാനിയും സംഭാവന ചെയ്തിട്ടുണ്ട് ശ​ര​ത് പ​വാ​ർ കൂട്ടിച്ചേർത്തു.

അതേസമയം പവാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ”അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടതാണെന്നും ഇത് വളരെ ഗുരുതരമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.