രഞ്ജി ട്രോഫി: കേരള ടീമിനെ നയിക്കാൻ സഞ്ജു സാംസൺ

single-img
8 December 2022

2022-23 സീസൺ രഞ്ജി ട്രോഫിയിൽ റാഞ്ചിയിലും ജയ്‌പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ക്യാപ്റ്റനായ ടീമിന്‍റെ ഉപനായകന്‍ സിജോമോന്‍ ജോസഫാണ്. യുവനിരയിൽ ഷോണ്‍ റോജറാണ് സ്‌ക്വാഡിലെ ശ്രദ്ധേയ താരം.

കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും ഇത്തവണ പുതുമുഖങ്ങളായി ടീമിലുണ്ട്. ഫിറ്റ്‌നസ് തെളിയിച്ച ശേഷം രാഹുല്‍ പി സ്‌ക്വാഡിനൊപ്പം ചേരും. ഇന്ത്യന്‍ മുന്‍ താരമായ ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ഈ മാസം 10ന് കേരള ടീം റാഞ്ചിയിലേക്ക് തിരിക്കും.

പതിമൂന്നാം തിയതിയാണ് ഝാർഖണ്ഡിന് എതിരായ മത്സരം. രാജസ്ഥാനെതിരായ രണ്ടാം മത്സരം ഇരുപതാം തിയതി ആരംഭിക്കും. 27-ാം തിയതി മുതല്‍ ഛത്തീസ്‌ഗഢിന് എതിരെയും ജനുവരി മൂന്ന് മുതല്‍ ഗോവയ്ക്ക് എതിരെയും 10 മുതല്‍ സര്‍വീസസിന് എതിരെയും 17 മുതല്‍ കര്‍ണാടകയ്ക്ക് എതിരെയും 24 മുതല്‍ പുതുച്ചേരിക്ക് എതിരെയുമാണ് കേരളത്തിന്‍റെ മറ്റ് മത്സരങ്ങള്‍.