ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം രണ്ടാംഘട്ട സമരത്തിലേക്ക്; 28ന് മോക്ക് ഇംപീച്ച്മെന്റ്

single-img
23 October 2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രണ്ടാംഘട്ട പ്രതിഷേധവുമായി പ്രതിപക്ഷം. ഡൽഹിയിൽ ഇടത് വിദ്യാർഥി സംഘടനകളും എസ്ഐആർ വിരുദ്ധ മുന്നണിയും ചേർന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഈ മാസം 28ന് ഗ്യാനേഷ് കുമാറിനെതിരെ മോക്ക് ഇംപീച്ച്മെന്റ് നടത്താനും ഇന്ത്യ മുന്നണി തീരുമാനിച്ചിട്ടുണ്ട്.

നടൻ പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ഇടത് സംഘടനകൾ എന്നിവർ ചേർന്ന് രൂപീകരിച്ച ‘പീപ്പിൾസ് എഗെയ്ൻസ്റ്റ് എസ്ഐആർ’ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയും സമരത്തിൽ പങ്കെടുക്കും. സിജെപി നേതാക്കൾക്കും നേഹ ബോറയ്ക്കും ക്ഷണം നൽകിയിട്ടുണ്ടെങ്കിലും അവർ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകറും പ്രതിഷേധത്തിൽ പങ്കെടുക്കും.

അടുത്ത മാസം ഒന്നിന് നിശ്ചയിച്ച സംയുക്ത റാലിക്ക് മുന്നോടിയായി പിന്തുണ വർധിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഈ മാസം 28ന് മോക്ക് ഇംപീച്ച്മെന്റ് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ, സിവിൽ സൊസൈറ്റി സംഘടനകൾ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ചെന്നൈ എഗ്മോറിൽ പൊലീസ് നടപടിയുണ്ടായിട്ടും യുവജന-വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

അതേസമയം, ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിനെതിരെ നടപടിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷിയും സുഖ്ബീർ സിങ് സന്ധുവും ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചിട്ടും നടപടിയുണ്ടായിട്ടില്ല. നടപടിയെടുക്കുന്നത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതായി കണക്കാക്കപ്പെടാമെന്നും അത് അനുചിതമായിരിക്കുമെന്നും ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.