ഗവർണറുടെ ഭക്ഷണശീലത്തിൽ വിവാദം വേണ്ട; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ

single-img
24 October 2026

ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗവർണറുടെ ഭക്ഷണശീലങ്ങളെച്ചൊല്ലി വിവാദമുണ്ടാക്കുന്നത് ജനങ്ങളുടെ ശ്രദ്ധ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ‘ഫ്രോഡ് രാഷ്ട്രീയം’ കളിക്കുകയാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം വിമർശിച്ചു.

ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവിടെ താമസിക്കുന്നവർക്കാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരള ഗവർണർ താമസിക്കുന്ന ലോക്ഭവനിലെ അടുക്കളയിൽ അദ്ദേഹത്തിന്റെ സംസ്‌കാരത്തിനും താൽപ്പര്യങ്ങൾക്കും അനുസരിച്ച് ഭക്ഷണം തീരുമാനിക്കാനുള്ള അവകാശം ഗവർണർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. “അടുത്തത് എന്താണ്? ഒരു മലയാളി മുസ്ലിമിന്റെ വീട്ടിൽച്ചെന്ന് പന്നിയിറച്ചി കഴിക്കാൻ ആവശ്യപ്പെടുമോ കോൺഗ്രസുകാർ?” എന്നും അദ്ദേഹം ചോദിച്ചു.

സർക്കാർ നൽകിയ വാഗ്ദാനങ്ങളും ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സർക്കാർ 150 ദിവസം പിന്നിടുമ്പോഴും അഞ്ച് വാഗ്ദാനങ്ങൾ എവിടെയാണെന്നും ‘പുതുയുഗ കേരളം’ എന്ന പ്രഖ്യാപനത്തിന് എന്ത് സംഭവിച്ചെന്നും കോൺഗ്രസ് ചോദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുവജനങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും മരുന്ന് ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കാൻ തയ്യാറാകാത്തവർ ഗവർണറുടെ ഭക്ഷണശീലങ്ങളെച്ചൊല്ലി വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് മറുപടി പറയേണ്ട ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി അർഥശൂന്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്ന പാർട്ടിയായി രാഹുൽ ഗാന്ധി കോൺഗ്രസിനെ മാറ്റിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.