ടി.വി. അനുപമയുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി; താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി സി.പി. ജോൺ

single-img
23 October 2026

ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയുടെ സ്ഥലംമാറ്റത്തിൽ പ്രതികരണവുമായി മന്ത്രി സി.പി. ജോൺ. അനുപമ മികച്ച ഉദ്യോഗസ്ഥയാണെന്നും അവരെ മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയും ഉദ്യോഗസ്ഥയും തമ്മിലുള്ള ഭിന്നതയെ തുടർന്നാണ് സ്ഥലംമാറ്റമെന്ന തരത്തിലുള്ള വാർത്തകളും സി.പി. ജോൺ തള്ളി.

മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഗതാഗത കമ്മീഷണർ നാഗരാജുവിനെ മാറ്റിയതിന് പിന്നാലെയാണ് അനുപമയ്ക്കും സ്ഥലംമാറ്റം ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് അനുപമയെ നിയമിച്ചിരിക്കുന്നത്. ഗതാഗത വകുപ്പിലെ ഏവിയേഷൻ, മെട്രോ, റെയിൽവേ വിഭാഗങ്ങളുടെ മുഴുവൻ സമയ അധിക ചുമതലയും അവർ വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് പുതിയ ഗതാഗത സെക്രട്ടറി. ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി, ഏവിയേഷൻ–മെട്രോ–റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലകൾ, കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പദവി എന്നിവയും ബാലമുരളിക്ക് നൽകിയിട്ടുണ്ട്.

അതേസമയം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽനിന്ന് ഒഴിവാക്കി.