ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന് മുൻപ് കിം ജോങ് ഉൻ ചൈനയിൽ; നയതന്ത്ര നീക്കമെന്ന് വിലയിരുത്തൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനം അടുത്ത മാസം നടക്കാനിരിക്കെ, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനീസ് അതിർത്തി നഗരമായ ദാൻദോങ് സന്ദർശിച്ചത് രാജ്യാന്തര ശ്രദ്ധ നേടുന്നു. 2025 സെപ്റ്റംബറിനുശേഷം കിം ചൈനയിലെത്തുന്നത് ആദ്യമായാണ്. ചൈനയും റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കാൻ അടുത്തിടെ തുറന്ന ന്യൂ യാലു നദി പാലം വഴിയാണ് അദ്ദേഹം എത്തിയതെന്ന് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഉത്തരകൊറിയയുമായുള്ള സാമ്പത്തിക-വ്യാപാര സഹകരണം വിപുലീകരിക്കാൻ ചൈന തയ്യാറാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വാങ് ഹൂണിങ് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആശംസകൾ കിമ്മിനെ അറിയിച്ച വാങ്, കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത ചൈനീസ് സൈനികർക്ക് ആദരമർപ്പിക്കുന്ന ചടങ്ങിലും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
അടുത്ത മാസം ചൈനയിൽ നടക്കുന്ന ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ കിമ്മുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ട്രംപുമായുള്ള സാധ്യതയുള്ള ചർച്ചയ്ക്ക് മുൻപ് ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കമായാണ് കിമ്മിന്റെ സന്ദർശനത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.


