ലോക്ഭവനിലെ നോൺ വെജ് നിയന്ത്രണം: ലോക്ഭവനിലുള്ള എല്ലാവരും വെജിറ്റേറിയൻ ഭക്ഷണം കഴിക്കണമെന്ന് നിർദേശിക്കാൻ ഗവർണർക്ക് അവകാശമില്ല: എം.വി. ഗോവിന്ദൻ

single-img
23 October 2026

ലോക്ഭവനിലെ നോൺ വെജ് ഭക്ഷണ നിയന്ത്രണത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഓരോരുത്തരും എന്ത് കഴിക്കണമെന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ഗവർണർക്ക് വെജിറ്റേറിയൻ ഭക്ഷണം മതിയെങ്കിൽ അത് കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഭവനിലുള്ള എല്ലാവരും വെജിറ്റേറിയൻ ഭക്ഷണം കഴിക്കണമെന്ന് നിർദേശിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും നോൺ വെജ് ഒഴിവാക്കിയ നടപടി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി യോഗം ഉണ്ടായിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

അതേസമയം, എസ്‌എംഎ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ആരോഗ്യ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുൻ ആരോഗ്യമന്ത്രിമാരെ മന്ത്രി വ്യക്തിപരമായി അധിക്ഷേപിച്ചെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. വിവാദത്തിൽ വ്യക്തമായ മറുപടി നൽകുന്നതിന് പകരം പരിഹാസപരമായ നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.