ശാരീരിക അസ്വസ്ഥകൾ; ഇന്ത്യ മുന്നണി നടത്തുന്ന സംയുക്ത റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

single-img
21 April 2024

ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി നടത്തുന്ന സംയുക്ത റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ കാരണമാണു രാഹുൽ പങ്കെടുക്കാത്തതെന്ന് പാർട്ടി അറിയിച്ചു. അതേസമയം പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള മറ്റു കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.

‘ഇന്ന് മധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അദ്ദേഹത്തിനു ഡൽഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.”- കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

സത്നയിൽ നടക്കുന്ന പരിപാടിക്കു ശേഷം റാഞ്ചിയിലെ സമ്മേളനത്തിൽ ഖർഗെ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ശക്തിപ്രകടനമാണു പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ നേതാക്കൾ ഉന്നയിക്കും. സഖ്യം ഒറ്റക്കെട്ടായി നടത്തുന്ന രണ്ടാമത്തെ പൊതുസമ്മേളനമാണിത്.