ഹിന്ദി അറിയാത്തവർക്ക് കേന്ദ്രസർക്കാർ ജോലിയില്ല; കേന്ദ്രത്തിനെതിരെ സീതാറാം യെച്ചൂരി


രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്രസർക്കാർ ജോലി അന്യമാക്കുന്ന വിവേചനപരമായ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോവുന്നതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി 112 ശുപാർശകളടങ്ങിയ റിപ്പോർട്ട് കേന്ദ്രം രാഷ്‌ട്രപതിക്ക് സമർപ്പിച്ചു. ഇത് നടപ്പാക്കുന്നത്തോടെ കേന്ദ്ര റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ഹിന്ദിയിൽ മാത്രമാകും.
കേന്ദ്രസർവീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിർബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. ഫലത്തിൽ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്ക് അവസരം നിഷേധിക്കപ്പെടും. കേന്ദ്രസർക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കും. ഓഫീസുകളിലെ കംപ്യൂട്ടറുകൾ ഹിന്ദിയിലേക്ക് മാറ്റും. കേന്ദ്ര സർവകലാശാലകളും സാങ്കേതിക–ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും ഭാഷ ഹിന്ദിയാകും. ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് തുടങ്ങിയ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിർബന്ധമാകും.
ഒഴിച്ചുകൂടാനാകാത്തിടത്ത് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കാനാകൂ. ഭാവിയിൽ അതും ഹിന്ദിക്ക് വഴിമാറും. ഇത്തരത്തിൽ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ ആശയം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസ് നീക്കം അംഗീകരിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.