ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിരിഞ്ഞു; ‘ഇന്ത്യ’ മുന്നണി തകർന്നതായി കെ എസ് ഇളങ്കോവൻ

തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് ദീർഘകാലമായുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി വേർപിരിഞ്ഞു. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി കരുത്തറിയിച്ച നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (TVK) സർക്കാർ രൂപീകരിക്കാൻ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനമാണ് സഖ്യം തകരാൻ കാരണമായത്. ഇതോടെ ദേശീയ തലത്തിലുള്ള ‘ഇന്ത്യ’ മുന്നണി തന്നെ പ്രസക്തിയില്ലാതായെന്ന് ഡിഎംകെ പ്രഖ്യാപിച്ചു.
ഡിഎംകെയെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നും പഴയ വഞ്ചനാപരമായ സ്വഭാവം അവർ ഇപ്പോഴും തുടരുകയാണെന്നും മുതിർന്ന നേതാവ് ടി.കെ.എസ്. ഇളങ്കോവൻ തുറന്നടിച്ചു.മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎംകെ എംഎൽഎമാരുടെ അടിയന്തര യോഗം കോൺഗ്രസിനെതിരെ നാല് നിർണ്ണായക പ്രമേയങ്ങൾ പാസാക്കി.
തമിഴ്‌നാട് കോൺഗ്രസ് ഘടകത്തിലെ ഡിഎംകെ വിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചതെന്ന് പാർട്ടി ആരോപിക്കുന്നു. സഖ്യകക്ഷികളായ സിപിഐ, സിപിഎം, വിസികെ എന്നിവർക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ഡിഎംകെ വ്യക്തമാക്കി. വിജയ്‌യുടെ പാർട്ടിയുമായി കൈകോർക്കാനുള്ള കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം ബിജെപി വിരുദ്ധ മുന്നണിയുടെ ദേശീയ കെട്ടുറപ്പിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.


