ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലപാതക കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി

single-img
13 August 2024

ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലപാതക കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി. ഇതിന്ന് പുറമെ ഹസീനയുടെ ഭരണകാലത്തെ ആറ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ, അവാമി ലീ​ഗ് ജനറൽ സെക്രട്ടറി ഒബൈദുൾ ഖ്വാദർ, നാല് പൊലീസ് ഉദ്യോ​ഗസ്ഥർ എന്നിവരാണ് അന്വേഷണം നേരിടുന്ന മറ്റ് ആ‍റ് പേർ.

ഭരണകൂടത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടതിലാണ് അന്വേഷണം. അബു സയീദ് എന്നയാൾ കൊല്ലപ്പെട്ടതിൽ അമീർ ഹംസയെന്നയാൾ നൽകിയ പരാതിയിലാണ് ധാക്കയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ജൂലൈ 19 നു നടന്ന പൊലീസ് വെടിവെപ്പിലാണ് അബു സയീദ് കൊല്ലപ്പെട്ടത്. താൻ അവരുടെ ബന്ധുവല്ലെന്നും എന്നാൽ അബു സയീദിന്റെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും അമീർ ഹംസ പറഞ്ഞു. പൊലീസ് വെടിവെപ്പിന് ഉത്തരവിട്ടത് ഹസീനയാണെന്നാണ് അമീറിന്റെ ആരോപണം.