ചെങ്കോട്ടയില്‍ നിന്നുകൊണ്ട് സംസാരിക്കുന്നത് സ്തീകളെ ബഹുമാനിക്കേണ്ടതിനെ കുറിച്ച്; പക്ഷെ മോദി ബലാത്സംഗം ചെയ്യുന്നവര്‍ക്കൊപ്പം: രാഹുൽ ഗാന്ധി

single-img
18 October 2022

ബില്‍ക്കിസ് ബാനു കേസിൽ ഉൾപ്പെട്ട കുറ്റവാളികളായ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിയില്‍ നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി . വിചാരണയിൽ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിന് പിന്നില്‍ ഗുജറാത്ത് സര്‍ക്കാര്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരും കുറ്റക്കാര്‍ തന്നെയാണെന്ന് രാഹുല്‍ ഇന്ന് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

ചെങ്കോട്ടയില്‍ നിന്നുകൊണ്ട് അദ്ദേഹം സ്തീകളെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും വാസ്തവം പറഞ്ഞാൽ മോദി ബലാത്സംഗം ചെയ്യുന്നവര്‍ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ എഴുതി.

ഇത്തരം ഒരു സംഭവത്തില്‍ നിന്ന് തന്നെ മോദിയുടെ വാഗ്ദാനവും ഉദ്ദേശവും തമ്മിലുളള വ്യത്യാസം കാണാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. അതേസമയം, ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസില്‍ പ്രതികളെ വെറുതെ വിട്ടത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 15ന് മോദി നടത്തിയ പ്രസംഗത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി ആഹ്വാനം ചെയ്തിരുന്നു. ആ ദിവസം തന്നെയായിരുന്നു നല്ല നടപ്പിന്റെ പേരില്‍ ബില്‍ക്കിസ് ബാനു ബലാത്സംഗ കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും 15 വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം സർക്കാർ മോചിപ്പിച്ചത്.