സംസാര സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാകരുത്’: സനാതന ധർമ്മ വിവാദത്തിൽ മദ്രാസ് ഹൈക്കോടതി

single-img
16 September 2023

സനാതന ധർമ്മ വിവാദത്തിൽ പരാമർശവുമായി മദ്രാസ് ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു. രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള ശാശ്വതമായ കടമകളാണ് സനാതന ധർമ്മമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സനാധനധർമ വിവാദത്തിൽ വിദ്യാർത്ഥികളുടെ ചിന്തകൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട് ഒരു പ്രാദേശിക സർക്കാർ ആർട്‌സ് കോളേജ് പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് ഒരു ഇളങ്കോവൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.

“സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്, പ്രത്യേകിച്ച് മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രസംഗത്തിൽ ആരുടെ വികാരവും വൃണപ്പെടുത്താൻ പാടില്ല, മറ്റൊരുതരത്തിൽ പറഞ്ഞാൽ സംസാര സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാകരുത് “- ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു.

തമിഴ്നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിൻ അടുത്തിടെ സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം . സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ, കോളറ പോലുള്ള പകർച്ച പനിയോട് ഉപമിച്ച ഉദയനിധി അതിനെ പ്രതിരോധിക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു.