ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് പിന്തുണ; കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു

single-img
7 November 2022

ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലയിലെ ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോഴിക്കോട് ടൗൺ ഹാളിന് സമീപമാണ് പ്രതിഷേധം നടന്നത്.

ഇവിടെ മുസ്ലീം സ്ത്രീകൾ ഹിജാബ് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഷേധം അരങ്ങേറുന്നത്. സംഘടനയിലെ ആറ് മുസ്ലീം സ്ത്രീകളാണ് ഹിജാബ് കത്തിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയത്. ഇന്ത്യയിൽ ആദ്യമായി ഹിജാബ് കത്തിക്കുന്ന സംഭവം കൂടിയാണിത്.

ഇറാനിൽ ഹിജാബ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സ്ത്രീകൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ മുന്നൂറിൽ അധികം പേരാണ് ഇറാനിൽ കൊല്ലപ്പെടുന്നത്. സെപ്തംബർ 16ന് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മെഹ്‌സ ആമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ ഹിജാബ് വിരുദ്ധ സമരം പൊട്ടിപ്പുറപ്പെട്ടത്.