ബിജെപിക്കെതിരായി നേമത്ത് സതീശൻ മത്സരിക്കണം; ഇത് വെല്ലുവിളിയല്ല അപേക്ഷയാണ്‌: മന്ത്രി വി ശിവൻകുട്ടി

single-img
29 January 2026

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവനകൾക്കെതിരെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്നതു പോലെയുള്ള പ്രതിപക്ഷ നേതാവിൻ്റെ പരാമർശങ്ങളേയും മന്ത്രി വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ നടത്തിയാണ് പ്രതിപക്ഷ നേതാവിൻ്റെ നിലവാരം ദിവസവും താഴുന്നതെന്നും കഴിഞ്ഞ അഞ്ചുവർഷവും ശമ്പള വിതരണം അടക്കം ഒരു കാര്യത്തിലും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ കാറിന് ഡീസൽ അടിക്കാൻ ബുദ്ധിമുട്ടിയില്ലല്ലോ ,ശമ്പളം മുടങ്ങിയില്ലല്ലോ അപ്പോൾ ഖജനാവിൽ പണമുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു.

ഒരു മിനിറ്റ് പോലും ട്രഷറി അടച്ചു പൂട്ടിയിട്ടില്ല. യുഡിഎഫ് കാലത്ത് എത്രയോ തവണ ട്രഷറി പൂട്ടിയിട്ടു. ഇപ്പോൾ അവതരിപ്പിച്ച ബജറ്റ് ഞങ്ങൾ തന്നെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സംഘിക്കുട്ടിയെന്ന വി.ഡി. സതീശൻ്റെ പരാമർശത്തിനെതിരെയും വി.ശിവൻകുട്ടി പ്രതികരിച്ചു. ഞാൻ എല്ലാ കാലത്തും ആർഎസ്എസിനെതിരെ നിലകൊണ്ട വ്യക്തിയാണ്. കഴിഞ്ഞ 40 വർഷമായി അങ്ങനെ തന്നെയാണ് തുടരുന്നത്. “ശ്രീ സതീശാ താങ്കൾ അങ്ങനെയാണോ…? “എന്നും മന്ത്രി ചോദിച്ചു. ബിജെപിക്കെതിരായി നേമത്ത് സതീശൻ മത്സരിക്കണം. ഇത് വെല്ലുവിളിയല്ല അപേക്ഷയാണെന്നും മന്ത്രി പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു.

ബജറ്റിൽ താൻ വളരെ ഹാപ്പിയാണെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റിനെ കയ്യൊടിയോടുകൂടിയാണ് ജനങ്ങൾ സ്വീകരിച്ചത്. വിദ്യാഭ്യാസ തൊഴിൽ മേഖലയ്ക്ക് അർഹമായ പരിഗണന നൽകി. ഇൻഷുറൻസ് സ്കിം നമ്മുടെ പ്രൊപ്പോസൽ ആണ്.ഈ അക്കാദമിക് വർഷം തന്നെ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ എയ്ഡഡ് മേഖലയിലെ കുട്ടികൾക്ക് പദ്ധതി പ്രയോജനപ്പെടും. നേമം മണ്ഡലത്തിൽ വികസന പദ്ധതികൾക്കായി 24 കോടി വകയിരുത്തിയതായും മന്ത്രി പറഞ്ഞു.