ഇടതു സർക്കാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രത്തിന്റെ നേട്ടങ്ങൾ സ്വന്തം പേരിലാക്കി അവതരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖർ

single-img
29 January 2026

പത്തു വർഷക്കാലം നുണകൾ പറഞ്ഞ് ഭരണം നടത്തിയ പിണറായി സർക്കാർ തങ്ങളുടെ അവസാന ബജറ്റിലൂടെ ജനങ്ങളെ വീണ്ടും കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

തകർന്നടിഞ്ഞ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ യാതൊരു നിർദ്ദേശവുമില്ലാത്ത ബജറ്റ്, ശൂന്യമായ ഖജനാവ് വെച്ചുള്ള വെറും അവകാശവാദം മാത്രമാണ്. കഴിഞ്ഞ പത്തു വർഷം കേന്ദ്ര പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്താതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ച ഇടതു സർക്കാർ, ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രത്തിന്റെ നേട്ടങ്ങൾ സ്വന്തം പേരിലാക്കി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബജറ്റിലെ ജൽ ജീവൻ മിഷൻ കണക്കുകൾ പൂർണ്ണമായും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഗ്രാമീണ കവറേജ് 80 ശതമാനമായിരിക്കെ കേരളത്തിൽ ഇത് വെറും 5.54 ശതമാനം മാത്രമാണ്. ഇന്നും 32 ലക്ഷത്തോളം വീടുകളിൽ പൈപ്പ് വെള്ളം എത്തിക്കാൻ കഴിയാത്ത സർക്കാർ വലിയ കണക്കുകൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ്. 2021-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന 250 രൂപയ്ക്ക് പകരം റബ്ബർ വില 200 രൂപയായി നിശ്ചയിച്ചത് കർഷകരോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.