സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർത്തു; റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലകളെ ഞെട്ടിച്ചുകൊണ്ട് സി ജെ റോയ് യുടെ മരണം

കെട്ടിട നിര്‍മ്മാണ രംഗത്തെ അതികായരായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഉടമസ്ഥന്‍ സി ജെ റോയ് ആത്മഹത്യ ചെയ്‌തു. 57 വയസായിരുന്നു. ബെംഗളുരുവിലെ അശോക്‌നഗറിലെ റിച്ച് മോണ്ട് സര്‍ക്കിളിലുള്ള കോര്‍പ്പറേറ്റ് ഓഫീസിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.
കൊച്ചി സ്വദേശിയാണ് റോയ്. വ്യവസായ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് റോയിയുടെ മരണം. വ്യോമയാന വ്യവസായ രംഗത്തും സ്വന്തം സ്വാധീനം അറിയിച്ചിട്ടുണ്ട്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നിരവധിയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ ബെംഗളുരുവിലും കേരളത്തിലും ദുബായിലുമായി നിര്‍മ്മിച്ചിട്ടുണ്ട്. സിനിമ നിര്‍മാണ രംഗത്തും പ്രവര്‍ത്തിക്കുന്നു. നാലോളം മലയാള സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. വെള്ളിയാഴ്‌ച മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്‍റെ മുറിയിൽ വച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന്‍റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്‌സ് സംഘമാണ് റെയ്‌ഡിന് എത്തിയത്.
റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്‌ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്‌തിരുന്നു. മൂന്ന് ദിവസമായി ഇവിടെ പരിശോധനകള്‍ നടക്കുകയായിരുന്നു. റോയിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ വിജയികളുടെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനം കൂടിയാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്. സ്ഥലത്ത് ഉന്നത പൊലീസുദ്യോഗസ്ഥരടക്കം എത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചാണ് ഡോ. സി.ജെ. റോയ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്.2006ല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് അമര്‍ന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്‍റെ റിയല്‍ എസ്റ്റേറ്റ് പരീക്ഷണങ്ങള്‍. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ കരുത്താണ്. റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്‌പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിൽ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.
ഭാര്യ ലിനി റോയി. മക്കള്‍ രോഹിത്, റിയ


