പറവൂർ മണ്ഡലത്തിൽ വിഡി സതീശൻ ജയിക്കാൻ സാധ്യത കുറവ്; ജനങ്ങൾ കോൺഗ്രസിന്എതിരാണ്: മന്ത്രി വി ശിവൻകുട്ടി

പറവൂർ നിയമസഭാ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജയിക്കാൻ സാധ്യത കുറവാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങൾ കോൺഗ്രസിനെതിരാണെന്നും ഒറ്റയ്ക്ക് അവിടെ ജയിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായാണ് നേമത്തും പറവൂരിലും കോൺഗ്രസ്–ബിജെപി ഡീൽ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മന്ത്രിയുടെ ആരോപണം.
ഈ ഡീലിന് വ്യക്തമായ തെളിവുകളില്ലെങ്കിലും മുൻപും ഇത്തരത്തിലുള്ള ഒത്തുതീർപ്പുകൾ ഉണ്ടായിട്ടുണ്ടെന്ന് വി. ശിവൻകുട്ടി പറഞ്ഞു. അത്തരം ഡീലുകളുടെ ഫലമായി താൻ ചിലപ്പോൾ തോറ്റിട്ടുണ്ടെന്നും ചിലപ്പോൾ ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശൻ തന്നെ “സംഘി കുട്ടി” എന്ന് വിളിച്ചതായും മന്ത്രി ആരോപിച്ചു. അഞ്ച് പതിറ്റാണ്ടായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന താൻ സംഘപരിവാറിനെതിരെയാണ് നിലകൊള്ളുന്നതെന്നും അങ്ങനെയുള്ള ഒരാളെ സംഘി എന്ന് വിളിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തുള്ള എല്ലാവരെയും പരിഹസിക്കുന്ന സമീപനമാണ് സതീശൻ സ്വീകരിക്കുന്നതെന്നും, സ്വയം ഒഴികെ മറ്റാരെയും അംഗീകരിക്കാത്ത നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും മന്ത്രി വിമർശിച്ചു. ബജറ്റ് അവതരിപ്പിച്ച സമയത്ത് സതീശൻ അസ്വസ്ഥനായിരുന്നുവെന്നും അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ പ്രതികരണങ്ങളെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.


