കാസർകോട് വീടിന്റെ മതിലിടിഞ്ഞുവീണു; സഹോദരങ്ങളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം

single-img
6 June 2026

കാസർഗോഡ് ആദൂർ സഞ്ചക്കടവിൽ വീടിന്റെ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (14), മുൻസീർ (10) എന്നിവരാണ് മരിച്ചത്.അപകടത്തിൽ സുഹൃത്ത് വിശേഷ് എന്ന കുട്ടിക്ക് പരിക്കേറ്റു.

പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, വിശേഷ് എന്ന കുട്ടിയുടെ വീടിന് സമീപം ഈ മൂന്ന് കുട്ടികളും ചെറിയ രീതിയിലുള്ള കച്ചവടം നടത്തി വരികയായിരുന്നു. അത്തരത്തിൽ വീടിന് സമീപം കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് മതിലിടിഞ്ഞ് 3 കുട്ടികളുടെയും മുകളിലേക്ക് വീഴുന്നത്.

സമീപത്തെ ബസ് സ്റ്റോപ്പിനുള്ളിലാണ് കുട്ടികളുണ്ടായിരുന്നത്. മതിലിടിഞ്ഞതോടെ ബസ് സ്റ്റോപ്പടക്കം തകര്‍ന്നുവീഴുകയായിരുന്നു. മൂന്ന് പേരെയും ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.