ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; ‘വകുപ്പ് മോശമാണെങ്കിൽ മന്ത്രി എങ്ങനെയാണ് നന്നാവുക?’

single-img
27 October 2026

ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. രമേശ് ചെന്നിത്തല നല്ല വ്യക്തിയാണെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പ് മോശമാണെന്ന് സുധാകരൻ വിമർശിച്ചു. വകുപ്പ് മോശമാണെങ്കിൽ മന്ത്രി എങ്ങനെയാണ് നന്നാവുകയെന്നും വെളുത്ത് സുന്ദരനായതുകൊണ്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

പൊലീസുകാരെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ആഭ്യന്തരവകുപ്പ് എല്ലാ കാലത്തും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. ചെന്നിത്തലയെ ആക്ഷേപിക്കാനല്ല താൻ ഇതു പറയുന്നതെന്നും വകുപ്പിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസുകാരും യൂണിഫോം ധരിച്ച പൗരന്മാരാണെന്നും പൗരന്മാർ യൂണിഫോം ധരിക്കാത്ത പൊലീസുകാരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ സന്ദേശം ഡൽഹിയിലെ പൊലീസ് ആസ്ഥാനത്ത് എഴുതിവച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. എല്ലാവരും നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ജനങ്ങളെ നിയമം പാലിക്കാൻ പ്രാപ്തരാക്കുന്നതിനൊപ്പം പൊലീസിനും ഇതുസംബന്ധിച്ച ബോധവത്കരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസുകാരുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടിയ സുധാകരൻ, സേനയുടെ അംഗബലം വർധിപ്പിക്കണമെന്നും വനിതാ പൊലീസുകാരുടെ എണ്ണം കൂട്ടണമെന്നും ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കണം. അടിക്കാനും പിടിക്കാനും മാത്രമുള്ള സംവിധാനമല്ല പൊലീസെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിന്റെ പ്രവർത്തനരീതിയെയും സുധാകരൻ വിമർശിച്ചു. അവിടെ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മനുഷ്യത്വമില്ലാത്ത ഇടമായി സെക്രട്ടേറിയറ്റ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്നും നിലവിലെ സംവിധാനത്തിൽ കാര്യമായ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, തുരുമ്പിച്ച സംവിധാനത്തെ മാറ്റേണ്ട സമയമായെന്നും അഭിപ്രായപ്പെട്ടു.