ജാമിയ മില്ലിയയിൽ വിദ്യാർത്ഥി സമരം ഭാഗികമായി അവസാനിച്ചു; യൂണിയൻ തിരഞ്ഞെടുപ്പിന് ഉറപ്പുമായി അധികൃതർ

ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ ആഴ്ചകളായി തുടരുന്ന വിദ്യാർത്ഥി പ്രതിഷേധം ഭാഗികമായി അവസാനിച്ചു. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുമെന്നും സസ്‌പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുക്കുമെന്നും സർവകലാശാല അധികൃതർ ഉറപ്പുനൽകി. രജിസ്ട്രാറാണ് പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചത്.
ഡിസംബർ 20ന് ശേഷം യൂണിയൻ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുമെന്നും യൂണിയൻ ഭരണഘടന രൂപീകരിച്ച് 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ധാരണയെന്നും അധികൃതർ അറിയിച്ചു. കൂടാതെ, വിദ്യാർത്ഥികൾക്കെതിരായ നടപടികൾ പിൻവലിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി.
അധികൃതരുടെ ഉറപ്പുകളെത്തുടർന്ന് ഒരുവിഭാഗം വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചെങ്കിലും മറ്റൊരു വിഭാഗം പ്രതിഷേധം തുടരുകയാണ്. സർവകലാശാലയുടെ ഉറപ്പുകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി അഞ്ച് വിദ്യാർത്ഥികളിൽ മൂന്നുപേർ ഇപ്പോഴും അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.
യൂണിയൻ തിരഞ്ഞെടുപ്പ് ഉടൻ നടത്തുക, പ്രോക്ടറുടെയും സുരക്ഷാ ഉപദേഷ്ടാവിന്റെയും രാജി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിഷേധം തുടരുന്ന വിദ്യാർത്ഥികളുടെ നിലപാട്.


