തേനി സബ് ജയിലിൽനിന്ന് തടവുചാടിയ 17 പേരിൽ 13 പേർ പിടിയിൽ; നാലുപേർക്കായി തിരച്ചിൽ ശക്തം

single-img
27 October 2026

തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽനിന്ന് തടവുചാടിയ 17 വിചാരണത്തടവുകാരിൽ 13 പേരെ പൊലീസ് പിടികൂടി. ശേഷിക്കുന്ന നാലുപേർക്കായി തിരച്ചിൽ ശക്തമാക്കിയതായി സൗത്ത് സോൺ ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. ഡ്രോൺ നിരീക്ഷണവും തിരച്ചിലിന് സഹായകമായി.

ജയിലിലെ സുരക്ഷാ ജീവനക്കാരായ നാല് പൊലീസുകാരെ ആക്രമിച്ച ശേഷമാണ് തടവുകാർ രക്ഷപ്പെട്ടത്. സംഭവത്തിനു പിന്നാലെ 17 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. കേരള പൊലീസുമായി സഹകരിച്ച് ഇടുക്കി, മധുര, ദിണ്ടിഗൽ മേഖലകളിൽ താൽക്കാലിക ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. പ്രദേശവാസികളും തിരച്ചിലിൽ പങ്കാളികളാകുന്നുണ്ട്.

രക്ഷപ്പെട്ടവരിൽ ഒരാളെ ഓട്ടോറിക്ഷയിൽനിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയാണെന്ന് തിരിച്ചറിയാതെയാണ് ഓട്ടോ ഡ്രൈവർ ഇയാളെ വാഹനത്തിൽ കയറ്റിയത്. പരിശോധനയ്ക്കിടെ ഒരു പൊലീസ് കോൺസ്റ്റബിൾ ഓട്ടോ തടഞ്ഞതോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് അതേ ഓട്ടോറിക്ഷയിൽ തന്നെ പ്രതിയെ ജയിലിലെത്തിച്ചു. മറ്റൊരാളെ സമീപത്തെ കാട്ടിൽനിന്നും പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ ശക്തമാക്കിയത്.

സംഭവത്തെ തുടർന്ന് ജയിൽ അധികൃതരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജയിലിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഡിജിപി (പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്) ഡോ. സന്ദീപ് റായ് റാത്തോഡ്, ഐജി ആർ. കനകരാജ്, മധുര ഡിഐജി എ. മുരുഗേശൻ, സൗത്ത് സോൺ ഐജി വിജയേന്ദ്ര എസ്. ബിദാരി എന്നിവർ ജയിൽ പരിസരവും പരിശോധിച്ചു.

രക്ഷപ്പെട്ട 17 പേരും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം. 200 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള തേനി സബ് ജയിൽ 2019 ജനുവരി 10നാണ് പ്രവർത്തനം ആരംഭിച്ചത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.