ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ പിതാവായ ജില്ലാ ജഡ്ജിയെയും പ്രതിചേർത്തു; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെയും പ്രതിചേർത്തു. വാഹനത്തിന്റെ ഉടമയായ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടി.
പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിനാണ് ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തത്. സംഭവത്തിൽ ജുഡീഷ്യറിക്ക് അവമതിപ്പുണ്ടായതായി ഹൈക്കോടതി നിരീക്ഷിച്ചു. ജഡ്ജിയുടെ വിശദീകരണം ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. 17കാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിലിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് ആദ്യം സ്വീകരിച്ച നടപടികൾക്കെതിരെ മരിച്ചയാളുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 17കാരനെ പൊലീസ് വിട്ടയച്ചെങ്കിലും കുടുംബത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാത്രി വീണ്ടും കസ്റ്റഡിയിലെടുത്തു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
ജാമ്യം അനുവദിച്ച നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച ജയബാലകൃഷ്ണന്റെ കുടുംബം, നീതി ലഭിക്കുന്നതിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.


