ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; 30ന് മോക്ക് പാർലമെന്റ്, നവംബർ 1ന് റാലി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇതിന്റെ ഭാഗമായി ഈ മാസം 30ന് മോക്ക് പാർലമെന്റ് സംഘടിപ്പിച്ച് ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് പ്രതിഷേധിക്കാനാണ് തീരുമാനം. തുടർന്ന് നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ പതിനായിരങ്ങളെ അണിനിരത്തി പ്രതിഷേധ റാലിയും സംഘടിപ്പിക്കും.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. ഖാർഗെയുടെ പ്രസംഗം ബിജെപി തടസ്സപ്പെടുത്താൻ ശ്രമിച്ചതിൽ പ്രകോപിതനായ അദ്ദേഹം, മോദിയല്ല മോദിയുടെ അച്ഛനായാലും ജയിലിൽ പോകേണ്ടിവരുമെന്ന് പറഞ്ഞിരുന്നു.
പ്രസ്താവനയ്ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. മാന്യതയുടെ എല്ലാ അതിർവരമ്പുകളും കോൺഗ്രസ് ലംഘിച്ചുവെന്നായിരുന്നു അമിത് ഷായുടെ വിമർശനം. ഖാർഗെയുടെ വാക്കുകൾ രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നും കോൺഗ്രസിന്റെ അധിക്ഷേപത്തിന് ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഖാർഗെയുടെ പ്രസ്താവനയും ബിജെപിയുടെ മറുപടിയും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.


