ഹിന്ദു യുവാക്കളെ വിവാഹം ചെയ്താൽ നിങ്ങള്‍ക്ക് 45 ഡിഗ്രി ചൂടിൽ ബുർഖ ധരിക്കേണ്ടി വരില്ല; വിദ്വേഷ പ്രസംഗത്തിൽ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ

single-img
9 April 2023

സമൂഹത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ മത സ്പർദ്ധ വളർത്തുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് വലതുപക്ഷ പ്രവർത്തകയായ കാജൽ ഹിന്ദുസ്ഥാനിയെ ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ഒന്നിന് ഉന ടൗണിൽ രാമനവമി ദിനത്തിലായിരുന്നു കാജൽ ഹിന്ദുസ്ഥാനി വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്‌ലിം മതവിഭാഗത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ന് രാവിലെ ഉനയിൽ വെച്ച് കാജൽ ഹിന്ദുസ്ഥാനി പൊലീസിൽ കീഴടങ്ങുകയായിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി,

കോടതി കാജലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. മാർച്ച് 30 ന് രാമനവമി ദിനത്തിൽ വിഎച്ച്പി സംഘടിപ്പിച്ച ഹിന്ദു സമുദായ സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള പരാതി

കാജൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ ഉനയിൽ രണ്ട് ദിവസത്തോളം വർഗീയ സംഘർഷം ഉടലെടുത്തിരുന്നു. ഈ സംഘർഷം കല്ലേറിലും കലാശിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ 80 ലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മതത്തിലെ മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്ന പ്രസംഗഭാഗം സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിരുന്നു.’ഹിന്ദു യുവാക്കളെ വിവാഹം ചെയ്താൽ നിങ്ങള്‍ക്ക് 45 ഡിഗ്രി ചൂടിൽ ബുർഖ ധരിക്കേണ്ടി വരില്ല.ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും സ്വത്തിൽ അവകാശമുണ്ടാകും. തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ലെന്നും കാജല്‍ പ്രസംഗിച്ചിരുന്നു.

നേരത്തെയും സമാനമായ വർഗീയ പരാമർശങ്ങൾ നടത്തിയ വലതുപക്ഷ നേതാവാണ് കാജൽ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജൽ ബെൻ ഷിൻഗ്ല. ഒരു ബുൾഡോസർ കൊണ്ടുവന്ന് മോർബിയിലെ മസ്ജിദുകൾ ഇടിച്ചുനിരത്തുമെന്ന് ഈയിടെ അവർ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ മോർബി പൊലീസിൽ പരാതി ലഭിയ്ക്കുകയും ചെയ്തിരുന്നു.