വംശഹത്യ തടയാൻ ഇസ്രയേൽ നടപടിയെടുക്കണം; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാല ഉത്തരവ്
പലസ്തീൻ പ്രദേശമായ ഗാസയിൽ ഇസ്രയേൽ വംശഹത്യാ ശ്രമങ്ങൾ നടത്തി എന്നതിന് തെളിവുണ്ടെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. വംശഹത്യ തടയാൻ ഇസ്രയേൽ നടപടിയെടുക്കണമെന്നും ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവിട്ടു. എന്നാൽ ഗാസയിൽ അടിയന്തര വെടിനിർത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി നിർദ്ദേശം നൽകിയില്ല.
ഇസ്രയേലിനെതിരായി ഇത്തരത്തിൽ ഒരു ഹർജി നൽകിയ ദക്ഷിണാഫ്രിക്കയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നാണ് കോടതി നിരീക്ഷണം. ഗാസയിലെ കൂട്ടക്കുരുതി അംഗീകാരിക്കാനാകില്ലെന്നും മാനുഷിക സഹായമെത്തിക്കാൻ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ ഇടക്കാല ഉത്തരവിനെ പലസ്തീനും ഹമാസും സ്വാഗതം ചെയ്തു.
സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പെടെയുള്ള സഹായമെത്തിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം വംശഹത്യാ കുറ്റാരോപണം ശരിവച്ച കോടതി നടപടി മര്യാദലംഘനമാണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തി. ഗാസയിലെ സൈനിക നടപടി പ്രതിരോധമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.