യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഒന്നാം നമ്പരാക്കി മാറ്റും: വിഡി സതീശൻ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലേറിയാൽ രാജ്യത്തിന് മാതൃകയാകുന്ന പുതിയ കേരള മോഡൽ നടപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സദ്ഭരണമെന്ന വാഗ്ദാനമാണ് യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത്. ജനങ്ങളുടെ ഏതാവശ്യത്തിലും സർക്കാരിൻ്റെ കൃത്യമായ ഇടപെടലുണ്ടാകും. കേരളത്തിലെ സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഒന്നാം നമ്പരാക്കി മാറ്റുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
സ്വകാര്യ കമ്പിനികളുടെയും കോർപ്പറേറ്റുകളുടെ പ്രവർത്തനത്തെ വെല്ലുന്ന കാര്യക്ഷമതയാവും സെക്രട്ടേറിയറ്റിന് ഉണ്ടാവുക. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ വലിയ മാറ്റമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായി പുതുയുഗയാത്ര ഏറ്റവും വലിയ അനുഭവമാണെന്നും ഇത് വിജയിപ്പിച്ച പ്രവർത്തകർക്ക് താൻ നിറകണ്ണുകളോടെ നന്ദി പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. യാത്ര കേരളത്തിന് സർക്കാരിനെതിരായ കുറ്റപത്രമാണ് സമർപ്പിച്ചത്. യുഡിഎഫ് ഇപ്പോൾ വെറും പ്രതിപക്ഷമല്ലെന്നും അധികാരത്തിലേക്ക് വരാൻ പോകുന്ന മുന്നണിയാണെന്നും അദ്ദേഹം ആവർത്തിച്ചു.
പാർലമെൻ്റ് തെരഞ്ഞെടുപ്പിലുണ്ടായ വലിയ വിജയം എല്ലാ ഉപതെരഞ്ഞെടുപ്പിലും ആവർത്തിച്ചു. എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അന്ന് നമ്മൾ പ്രവചിച്ചിരുന്നു. തുടർന്ന് നടന്ന തദ്ദേശതെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ വിജയം നേടി. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്നും നൂറിലധികം സീറ്റ് നേടി മുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം വലിയ മാറ്റങ്ങൾക്ക് തയാറാവുകയാണ്. അതിന് വേണ്ടി യാത്രയ്ക്കിടെ പൊതുജനങ്ങളുമായി സംസാരിച്ച് പ്രത്യേകമായി വികസനരേഖ തയാറാക്കിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാവും ഇനി അധികാരത്തിലെത്തിയാൽ യുഡിഎഫ് ്രപവർത്തിക്കുകയെന്നും സതീശൻ പറഞ്ഞു.


