കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി; യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടിനേറ്റ തിരിച്ചടിയെന്ന് മുഹമ്മദ് റിയാസ്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കിയ വിധിയിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. കോടതി വിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അടിച്ചമർത്തലുകൾക്ക് മുന്നിൽ ജനാധിപത്യ പോരാട്ടങ്ങൾ കീഴടങ്ങില്ലെന്ന് സമരത്തിലൂടെ നീതി നേടിയ വിദ്യാർഥികൾ തെളിയിച്ചതായും റിയാസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനാധിപത്യപരമായി സമരം ചെയ്തതിന്റെ പേരിൽ പഠനത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ട 16 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി വിധി സർക്കാരിനും സർവകലാശാലാ അധികൃതർക്കുമുള്ള മറുപടിയാണെന്ന് റിയാസ് കുറിച്ചു.
വിദ്യാർഥികളുടെ സമരത്തെ അപരിഷ്കൃതമെന്ന് അധിക്ഷേപിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിച്ച വൈസ് ചാൻസലർക്കുമുള്ള കൃത്യമായ മറുപടിയാണ് കോടതി വിധിയെന്നും അദ്ദേഹം ആരോപിച്ചു.
83 ദിവസത്തോളം വിദ്യാർഥികളെ പഠനത്തിൽനിന്ന് അകറ്റിനിർത്തിയ അധികാരദുർവിനിയോഗത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടിയാണ് വിദ്യാർഥികൾ നീതി നേടിയതെന്ന് റിയാസ് ചൂണ്ടിക്കാട്ടി. അധികാരത്തിന്റെ സമ്മർദങ്ങൾക്ക് മുന്നിൽ ജനാധിപത്യ പോരാട്ടങ്ങൾ പരാജയപ്പെടില്ലെന്ന സന്ദേശമാണ് കാലടിയിലെ വിദ്യാർഥികൾ നൽകിയതെന്നും സമരസഖാക്കൾക്ക് അഭിവാദ്യങ്ങൾ നേരുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.


