21 കോടി രൂപയുടെ ആസ്തി വികസന ഫണ്ട് ചെലവഴിച്ചില്ല; വീണാ ജോർജിനെതിരെ ആരോപണവുമായി അബിൻ വർക്കി

single-img
23 November 2026

മുൻ മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആറന്മുള എംഎൽഎ അബിൻ വർക്കി. വീണാ ജോർജ് എംഎൽഎയായിരുന്ന അഞ്ച് വർഷക്കാലം മണ്ഡലത്തിലെ 21 കോടി രൂപയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് അബിൻ വർക്കിയുടെ ആരോപണം. ഇതു സംബന്ധിച്ച വിവരാവകാശ രേഖകൾ തന്റെ കൈവശമുണ്ടെന്നും കൂടുതൽ അവകാശവാദങ്ങളുമായി രംഗത്തെത്തിയാൽ രേഖകൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരവിപേരൂരിൽ ഇന്നലെ നടന്ന വികസന സദസ്സിലായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.

കലക്ടറേറ്റിൽ നൽകിയ വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച മറുപടിയിലാണ് ആറന്മുളയിൽ ആസ്തി വികസന ഫണ്ട് ചെലവഴിച്ചിട്ടില്ലെന്ന വിവരം വ്യക്തമായതെന്ന് അബിൻ വർക്കി പറഞ്ഞു. കേരളത്തിൽ 21 കോടി രൂപയുടെ ആസ്തി വികസന ഫണ്ട് ചെലവഴിക്കാത്ത ഏക നിയോജകമണ്ഡലം ആറന്മുളയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആരെയും മോശപ്പെടുത്താൻ വേണ്ടിയല്ല ഇക്കാര്യം പറയുന്നതെന്നും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അബിൻ വർക്കി വ്യക്തമാക്കി. ഇനിയും കൂടുതൽ അവകാശവാദങ്ങളുമായി രംഗത്തെത്തിയാൽ വിവരാവകാശ രേഖകൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബിൻ വർക്കിയും മുൻ എംഎൽഎ വീണാ ജോർജും തമ്മിലുള്ള വാക്പോര് സമീപദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലടക്കം സജീവ ചർച്ചയായിട്ടുണ്ട്. കോഴഞ്ചേരി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ പരസ്യമായ ആരോപണ പ്രത്യാരോപണങ്ങൾക്ക് പിന്നാലെയാണ് വീണാ ജോർജിനെതിരെ പുതിയ ആരോപണവുമായി അബിൻ വർക്കി രംഗത്തെത്തിയത്.