റിസോർട്ട് വിവാദത്തിൽ മൗനം തുടർന്ന് ഇ.പി. ജയരാജൻ; പരിഹാസവുമായി പി. ജയരാജന്റെ മകൻ

റിസോർട്ട് വിവാദത്തിൽ പ്രതികരിക്കാതെ സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകർ വിഷയത്തിൽ പ്രതികരണം തേടിയപ്പോൾ കൈകൂപ്പി ‘കാണാം’ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനിടെ, റിസോർട്ട് ആരോപണത്തെ പരിഹസിച്ച് പി. ജയരാജന്റെ മകൻ ജെയിൻ രാജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധേയമായി.
സ്വന്തമായി ഒരു ‘പൂൾ’ നിർമിക്കാനുള്ള ശേഷിയില്ലാത്തതിനാൽ നാട്ടിലെ അമ്പലക്കുളത്തിൽനിന്ന് എടുത്ത ചിത്രമാണെന്ന പരിഹാസക്കുറിപ്പോടെയാണ് ജെയിൻ രാജ് ചിത്രം പങ്കുവെച്ചത്. റിസോർട്ട് വിവാദത്തിൽ ഇ.പി. ജയരാജനെ ലക്ഷ്യമിട്ടുള്ള പരോക്ഷ പരിഹാസമായാണ് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.
ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ള വ്യക്തിയുമായി ചേർന്ന് പി. ജയരാജൻ റിസോർട്ട് നടത്തുന്നുവെന്ന് ആരോപിച്ച് ഇ.പി. ജയരാജൻ പാർട്ടിക്ക് പരാതി നൽകിയിരുന്നു. റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി. ജയരാജൻ പങ്കെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഇക്കാര്യം ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പി. ശശിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജനാണെന്നും സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങളും ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടും പി. ജയരാജൻ പരാതി നൽകിയിരുന്നു. അന്നും വിഷയത്തിൽ പാർട്ടി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഇ.പി. ജയരാജന്റെ പരാതിയിലും റിസോർട്ട് വിവാദങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് സിപിഐഎം തീരുമാനം. ഇതിനായി കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളായ അന്വേഷണ കമ്മീഷനെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.


