ഗുലാം നബി ആസാദിന് പിന്തുണ ; ജമ്മു കശ്മീരിൽ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

single-img
31 August 2022

ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷനുമായ പീര്‍സാദ മുഹമ്മദ് സയ്യിദ് പാര്‍ട്ടി വിട്ടു. അധികം വൈകാതെ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ച ഗുലാം നബി ആസാദിനൊപ്പം ചേരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

അതേസമയം, ഗുലാം നബി ആസാദിനെ പിന്തുണച്ച് 64 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച തന്നെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഈ നേതാക്കള്‍ സംയുക്ത രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകുകയായിരുന്നു .

ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, അബ്ദുള്‍ മജീദ് വാനി, മനോഹര്‍ ലാല്‍ ശര്‍മ, ഘരു റാം, മുന്‍ എംഎല്‍എ ബല്‍വാന്‍ സിംഗ് എന്നിവരും രാജിവച്ച നേതാക്കളില്‍ ഉള്‍പ്പെടുന്നു. എന്നാൽ ഇത്തരത്തിലുള്ള കൂട്ട രാജികളുമായി ബന്ധപ്പെട്ട് കാര്യമായ പരസ്യ പ്രതികരണത്തിന് കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.