ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം പറത്തുന്ന ആദ്യ മുസ്ലീം വനിത; നേട്ടവുമായി സാനിയ മിർസ

single-img
23 December 2022

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം പറത്തുന്ന പൈലറ്റ്ആയ ആദ്യ മുസ്ലീം വനിതയെന്ന നേട്ടം യുപി സ്വദേശിയ്ക്ക് സ്വന്തം. മിർസാപൂർ സ്വദേശിയായ സാനിയ മിർസയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയിൽ 149-ാം റാങ്കോടെയാണ് സാനിയ ഫ്‌ളൈയിംഗ് വിംഗിൽ രണ്ടാം സ്ഥാനം നേടിയത്.

യുപിയിൽ യുദ്ധവിമാന പൈലറ്റ് ആകുന്ന ആദ്യ വനിത കൂടിയാണ് സാനിയ. ഇന്ത്യൻ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയായ അവാനി ചതുർവേദിയാണ് സാനിയയ്ക്ക് പ്രചോദനം. ദേഹത് കോട്വാലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ജസോവർ എന്ന ചെറിയ ഗ്രാമത്തിലാണ് സാനിയ താമസിക്കുന്നത്.

ഹിന്ദി പ്രാഥമിക മീഡിയം സ്‌കൂളിൽ പരിച്ച സാനിയ ഈ മാസം 27ന് പൂനെയിൽ നാണൽ ഡിഫൻസ് അക്കാദമിയിൽ ചേരും. സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിയിലാണ് എൻഡിഎ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. നാഷണൽ ഡിഫൻസ് അക്കാദമി 2022 പരീക്ഷയിൽ, പുരുഷന്മാർക്കും സ്ത്രീകൾക്കും ആകെ 400 സീറ്റുകൾ ഉണ്ടായിരുന്നു, അതിൽ 19 സീറ്റുകൾ സ്ത്രീകൾക്കായിരുന്നു. അതേസമയം, ഇതിൽ രണ്ട് സീറ്റുകൾ യുദ്ധവിമാന പൈലറ്റുമാർക്കായി നീക്കിവച്ചിരുന്നു. ഈ രണ്ട് സീറ്റുകളിൽ ഒന്ന് സാനിയ മിർസ ഉറപ്പിച്ചു.

സാനിയയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്കും സെഞ്ചൂറിയൻ അക്കാദമിയ്ക്കും നൽകുന്നുവെന്ന് സാനിയ പറയുന്നു. മകൾ ഗ്രാമത്തേയും തങ്ങളേയും അഭിമാനത്തിലെത്തിച്ചിരിക്കുന്നുവെന്ന് സാനിയയുടെ മാതാവ് തബസ്സും മിർസ പറഞ്ഞു. ഈ ഗ്രാമത്തിലെ ഓരോ പെൺകുട്ടികൾക്കും അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാൻ സാനിയ പ്രചോദനം നൽകിയെന്നും അമ്മ പറയുന്നു.