ആത്മരതിയുടെ അങ്ങേയറ്റം; പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് കോൺഗ്രസ്

single-img
9 March 2023

അഹമ്മദാബാദിലെ സ്വന്തം പേരുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം പര്യടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്. ആത്മരതിയുടെ അങ്ങേയറ്റമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പരിഹസിച്ചു. ഇന്ന് പ്രത്യേകമായി തയ്യാറാക്കിയ രഥത്തിൽ കയറിയ ഇരു പ്രധാനമന്ത്രിമാരും കളിക്കളത്തിന് ചുറ്റും വലംവെച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്.

‘നിങ്ങളുടെ ജീവിത കാലത്ത് നിങ്ങൾ തന്നെ നിങ്ങളുടെ പേര് നൽകിയ സ്റ്റേഡിയത്തിൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങുന്നത് ആത്മരതിയുടെ അങ്ങേയറ്റമാണ്’- ജയ്‌റാം രമേശ് ട്വിറ്ററിൽ കുറിച്ചു. അതേസമയം, ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം കാണാൻ സ്‌റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും രഥത്തിൽ കയറി സ്‌റ്റേഡിയത്തിൽ കറങ്ങിയത്.

അതിനുശേഷം ഇരുടീമുകളുടെയും താരങ്ങൾക്ക് ഇരു പ്രധാനമന്ത്രിമാർ ചേർന്ന് ടെസ്റ്റ് മത്സരത്തിന്റെ തൊപ്പി കൈമാറി. ഇന്ത്യാ സന്ദർശനത്തിന് എത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്നലെയാണ് അഹമ്മദാബാദിൽ എത്തിയത്.