കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

single-img
30 June 2023

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴ വിജിലൻസ് കേസ് റദ്ദാക്കിയ കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ജൂൺ 19 നാണ് അഴീക്കോട് പ്ലസ്റ്റു കോഴ കേസിൽ മുസ്ലീംലീഗ് നേതാവ് കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.

അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ് കേസ് റദ്ദാക്കിയതിന് പിന്നാലെ കെ എം ഷാജിക്കെതിരായ ഇ.ഡി നടപടികളും സിംഗിൽ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മുസ്ലീലീഗിൽ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തർക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയർന്നത്. എന്നാൽ ഇത് പിന്നീട് സിപിഎം ഏറ്റെടുത്തു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് കഴി‌ഞ്ഞ ഏപ്രിൽ മാസത്തിലാണ് ഹൈക്കോടതി റദ്ദാക്കിയത്. വിജിലൻസ് കേസ് എടുത്തതിന് പിന്നാലെ കെ. എം ഷാജിയുടെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡിയും ഉത്തരവിട്ടിരുന്നു.