തൊഴിലുറപ്പ് നിയമഭേദഗതി ബില്ലിനെതിരെ വ്യാപക സമരത്തിന് കോൺഗ്രസ്

single-img
20 December 2025

തൊഴിലുറപ്പ് നിയമഭേദഗതി കൊണ്ടുവന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക സമരത്തിന് ഒരുങ്ങി കോൺഗ്രസ്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി കോർ കമ്മിറ്റി യോഗത്തിലാണ് സമരത്തിന് തീരുമാനമെടുത്തത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് തൊഴിലുറപ്പ് നിയമഭേദഗതി ബിൽ ഇന്നലെ രാജ്യസഭയിൽ പാസാക്കപ്പെട്ടത്.

ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് ശബ്ദവോട്ടോടെയായിരുന്നു രാജ്യസഭയുടെ അംഗീകാരം. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിൽ രാജ്യസഭയിൽ പാസാക്കപ്പെട്ടത്. രാഷ്ട്രപതി ബില്ലിൽ ഒപ്പുവെയ്ക്കുന്നതോടെ തൊഴിലുറപ്പ് നിയമഭേദഗതി പ്രാബല്യത്തിൽ വരും.

അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും സമരം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ കോൺഗ്രസ് ഇതിനകം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തൊഴിലുറപ്പ് നിയമഭേദഗതിയും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയവും പൊതുചർച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.