തൃണമൂൽ സഹായിക്കേണ്ട; പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്

single-img
27 February 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സഹായം ആവശ്യമില്ലെന്ന് കോൺഗ്രസ്. അതുകൊണ്ടുതന്നെ ഇത്തവണ ഒറ്റക്ക് മത്സരിക്കാൻ ആലോചിച്ച് കോൺഗ്രസ് പശ്ചിമ ബംഗാൾ ഘടകം മുന്നോട്ട് പോവുകയാണ്.

ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്നാണ് മമത കോൺഗ്രസുമായുള്ള സഖ്യം വേണ്ടെന്ന് വച്ചതെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. അതേസമയം കോൺഗ്രസുമായി സഖ്യ ചര്‍ച്ചകൾ തുടരണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മമത ബാനര്‍ജിയെ ഫോണിൽ വിളിച്ച് സംസാരിച്ചതായും വിവരമുണ്ട്.

സംസ്ഥാനത്തെ ആകെയുള്ള 42ല്‍ സീറ്റില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു ആദ്യം തൃണമൂൽ കോൺഗ്രസ് അറിയിച്ചത്. പിന്നീട് അത് രണ്ട് സീറ്റുകളാക്കി കുറച്ചു. ഒടുവിൽ ഒരു സീറ്റ് പോലും കൊടുക്കില്ലെന്ന് തീരുമാനിച്ചായിരുന്നു തൃണമൂലിന്റെ പിന്മാറ്റം. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് വിലയിരുത്തിയാണ് ഈ തീരുമാനത്തിലേക്ക് മമത ബാനര്‍ജിയുടെ പാര്‍ട്ടി എത്തിയത്.