ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ വെട്ടേറ്റു; ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് മരിച്ചു

single-img
13 August 2023

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. പ്രദേശത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സാം ജെ വത്സലമാണ് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെട്ടേറ്റതിനെ തുടർന്ന് മരിച്ചത്. ഇന്നലെയാണ് സാമിന് വെട്ടേറ്റത്.

ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞിരംകുളത്താണ് സംഭവം. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്ക് തര്‍ക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്.

ഇതിനു മുൻപും കുടുംബങ്ങളുമായി സംഘര്‍ഷവും വഴക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവവും. സംഭവത്തില്‍ ഇതുവരെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.