ഇറാനുമായുള്ള സംഘർഷത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം കുറയ്ക്കാൻ അമേരിക്ക

ഇറാനുമായുള്ള നിലവിലെ സംഘർഷവും യുദ്ധസാഹചര്യങ്ങളും അവസാനിക്കുന്നതോടെ പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യവും രഹസ്യാന്വേഷണ സംവിധാനങ്ങളും വൻതോതിൽ കുറയ്ക്കാൻ അമേരിക്ക ആലോചിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട്. അടുത്ത വർഷം ആദ്യം തന്നെ പുതിയ സൈനിക വിന്യാസ പദ്ധതികൾ നടപ്പാക്കാനുള്ള നീക്കത്തിലാണ് അമേരിക്കൻ മിലിട്ടറി പ്ലാനർമാർ.
അമേരിക്കയുടെ നിലവിലെ സൈനിക താവളങ്ങളുടെയും സംവിധാനങ്ങളുടെയും ദുർബലതകൾ കണക്കിലെടുത്താണ് തന്ത്രപരമായ പുനഃക്രമീകരണത്തിന് നീക്കം. അതേസമയം, അടിയന്തര പ്രാധാന്യമുള്ള ചില താവളങ്ങളും പ്രതിരോധ സൗകര്യങ്ങളും തുടർന്നും പ്രവർത്തനക്ഷമമായി നിലനിർത്തിയേക്കും.
മേഖലയിലെ രഹസ്യാന്വേഷണ സംവിധാനങ്ങളിലും മാറ്റം വരുത്തുന്നുണ്ട്. സംഘർഷം രൂക്ഷമായ സമയത്ത് അമേരിക്കയിലേക്ക് താൽക്കാലികമായി പിൻവലിച്ച സിഐഎ ഉദ്യോഗസ്ഥരിൽ ചിലർ വീണ്ടും പശ്ചിമേഷ്യയിലേക്ക് മടങ്ങിയെത്തുന്നതായും റിപ്പോർട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനും ഇന്റലിജൻസ് ശേഖരണം പുനരാരംഭിക്കുന്നതിനുമാണ് നീക്കം.
നിലവിൽ പശ്ചിമേഷ്യയിൽ ഏകദേശം 50,000 അമേരിക്കൻ സൈനികരാണ് വിന്യസിച്ചിരിക്കുന്നത്. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അമേരിക്കൻ താവളങ്ങൾക്ക് നേരെ നടന്നത് സൈനികരുടെ സുരക്ഷയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ 18 അമേരിക്കൻ സർവീസ് അംഗങ്ങൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ തുടരുന്ന സൈനികരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പെന്റഗൺ പരിശോധിച്ചുവരികയാണ്.


