പിണറായിക്കെതിരെ പുകമറ സൃഷ്ടിക്കുന്നു; ഇഡി നീക്കത്തിനെതിരെ ടി.പി. രാമകൃഷ്ണൻ

single-img
10 September 2026

മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തലുകളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇഡി നടപടി എൽഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കൈകൾ ശുദ്ധമാണെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഇഡിയുടെ കണ്ടെത്തലുകൾ ശരിയാണെങ്കിൽ റിയാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയനെതിരെ ബോധപൂർവം പുകമറ സൃഷ്ടിക്കുകയാണ് അന്വേഷണ ഏജൻസിയെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. സിപിഎമ്മിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി വിജയനെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകളിൽ എന്തിനാണ് റെയ്ഡ് നടത്തിയതെന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു. എന്നാൽ നടത്തിയ പരിശോധനകളിലൊന്നിലും അന്വേഷണ സംഘത്തിന് അനധികൃതമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.