രാജസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം; നിയമസഭയിൽ പശുവുമായെത്തി ബിജെപി എംഎൽഎ

single-img
21 September 2022

രാജസ്ഥാനിൽ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നിയമസഭയിൽ പശുവുമായെത്തി വെട്ടിലായിരിക്കുകയാണ് ബിജെപി എംഎൽഎ സുരേഷ് സിംഗ് റാവത്ത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ നിയമസഭാ വളപ്പിലെത്തുംമുമ്പ് പശു ഓടി രക്ഷപ്പെട്ടു.

സംസ്ഥാനത്തെ പശുക്കളിൽ കാണപ്പെടുന്ന ചർമമുഴ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് നിയമസഭയിൽ എംഎൽഎ പശുവുമായി എത്തിയത്. പുഷ്‌കർ മണ്ഡലത്തിൽ നിന്നുള്ള ബിജെപിയുടെ എംഎൽഎയാണ് സുരേഷ് സിംഗ്.

പശുവിനൊപ്പം നിന്നുകൊണ്ട് എംഎൽഎ തനിക്ക് പറയാനുള്ളത് മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും പശു നിയന്ത്രണം വിട്ട് ഓടി രക്ഷപെടുകയായിരുന്നു. പക്ഷെ, പശുവിന്റെ ഈ രക്ഷപെടലിനെ ഈ വിവേക ശൂന്യമായ സർക്കാരിനോട് പശുവിന് പോലും ദേഷ്യമുണ്ടെന്ന് പറഞ്ഞ് റാവത്ത് തടിതപ്പുകയും ചെയ്തു.

മാത്രമല്ല, പശു ഓടിപ്പോയതിന് ഇദ്ദേഹം മാധ്യമ പ്രവർത്തകരേയും പഴിച്ചു. പശുവെത്തിയപ്പോൾ മുഖത്തേയ്ക്ക് നിങ്ങൾ ക്യാമറയുമായി ചെന്നു. കുറച്ച് അകന്ന് നിൽക്കണമായിരുന്നു. നിർവികാരമായ ഈ സർക്കാരിനോട് പശുവിന് പോലും ദേഷ്യമാണെന്നും റാവത്ത് പറഞ്ഞു.