ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ

single-img
29 October 2022

ഈ വർഷം തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ. ഒരുങ്ങുന്നു ഇതിനായി സർക്കാർ ഇന്ന് ഒരു കമ്മിറ്റി രൂപീകരിച്ചു. രാജ്യത്ത് ഇതേവരെ ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും മാത്രമാണ് കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചരിത്രപരമായ തീരുമാനമെടുത്തതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി സ്ഥിരീകരിച്ചു . ഒരു റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതിയെന്നും മൂന്ന് മുതൽ നാല് വരെ അംഗങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പർഷോത്തം രൂപാല പറഞ്ഞു.

ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത പരിശോധിക്കാൻ വിരമിച്ച സുപ്രീം കോടതി/ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ സുപ്രധാനമായ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പട്ടേലും തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നതിനാൽ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അവസാന യോഗമായാണ് ഇന്നത്തെ യോഗം കണക്കാക്കുന്നത്. മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡ്.