കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന് ബെംഗളൂരു കോടതി

single-img
7 November 2022

കെജിഎഫ് ചാപ്റ്റർ-2 എന്ന സിനിമയുടെ ശബ്ദരേഖകൾ അനധികൃതമായി ഉപയോഗിച്ചുകൊണ്ട് എംആർടി മ്യൂസിക്കിന്റെ നിയമപരമായ പകർപ്പവകാശം ലംഘിച്ചുവെന്നാരോപിച്ച് കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ ബെംഗളൂരു കോടതി ട്വിറ്ററിനോട് ഉത്തരവിട്ടു.

നേരത്തെ, പാർട്ടിയുടെ ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രമായ ‘കെജിഎഫ് -2’ ലെ സംഗീതം ഉപയോഗിച്ചതിന് രാഹുൽ ഗാന്ധിയും ജയറാം രമേശും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച നിയമക്കുരുക്കിൽ പെട്ടിരുന്നു. എംആർടി മ്യൂസിക് നൽകിയ പരാതിയിൽ രാഹുൽ ഗാന്ധി, ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്കെതിരെ യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പകർപ്പവകാശ നിയമം, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ഇന്ത്യൻ പീനൽ കോഡ് എന്നീ വകുപ്പുകൾ പ്രകാരം ആയിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ജയറാം രമേഷ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ യാത്രയുടെ രണ്ട് വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിൽ KGF-2 സിനിമയിലെ ജനപ്രിയ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്.