ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തെലങ്കാനയുടെ പുതിയ സെക്രട്ടേറിയറ്റിൽ തീപിടിത്തം

single-img
3 February 2023

തെലങ്കാനയുടെ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ തീപിടിത്തം. ഈ മാസം 17ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് താഴത്തെ നിലയിൽ ആരംഭിച്ച തീ ഒന്നും രണ്ടും നിലകളിലേക്ക് പടർന്നത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

ഉടൻതന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ദൗത്യത്തിനായി 11 ഫയർ എഞ്ചിനുകൾ വേണ്ടി വന്നു. അതേസമയം, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തെലുങ്കാന അഗ്നിശമന വകുപ്പ് ഡയറക്ടർ ജനറൽ നാഗി റെഡ്ഡിയാണ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിച്ചത്. അപകടത്തിൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഏകദേശം 650 കോടിയോളം രൂപ ചെലവിൽ നിർമിച്ച പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നേരത്തെ തെലങ്കാന-ആന്ധ്രപ്രദേശ് ജോയിന്റ് സെക്രട്ടേറിയറ്റ് പ്രവർത്തിച്ചിരുന്ന അതേ ഭൂമിയിലാണ്.