ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമല യുവതീപ്രവേശന വിഷയത്തിൽ സി.പി.എം നിലപാടിൽ മാറ്റമില്ല: എം.വി. ഗോവിന്ദൻ മാസ്റ്റർ

single-img
13 March 2026

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിയമപരമായ വശങ്ങൾ കൂടി പരിശോധിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന ആവശ്യവുമായി സർക്കാർ സത്യവാങ്മൂലം തിരുത്താൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടയിലാണ് പാർട്ടി സെക്രട്ടറിയുടെ ഈ പ്രതികരണം. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സി.പി.എം എന്നും വിശ്വാസികൾക്കൊപ്പമാണെന്നും പറഞ്ഞ എം.വി. ഗോവിന്ദൻ, എന്നാൽ പഴയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നു എന്നാണ് വ്യക്തമാക്കിയത്.

ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾ കൂടി പരിഗണിച്ച്, നിയമവിദഗ്ധരുമായി ആലോചിച്ചാകും സർക്കാർ മുന്നോട്ട് പോകുക. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ യുവതീപ്രവേശം മാത്രമല്ല ഉള്ളതെന്നും, അത് എല്ലാ മതങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ ചോദ്യങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആചാരങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ പണ്ഡിതരുമായും വിദഗ്ധരുമായും ചർച്ചകൾ നടത്തി തീരുമാനമെടുക്കണമെന്ന പൊതുവായ നിലപാടാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.