കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി വി ഡി സതീശൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. ഈ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു വി ഡി സതീശൻ ക്ഷുഭിതനായത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാൽ ഡൽഹിയിൽ ചർച്ചകൾ ഇപ്പോഴും തുടരുന്നുകയാണ്. എംപിമാർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞില്ല. അന്തിമ ചർച്ചകൾക്കായി ഇന്ന് കോൺഗ്രസ് കോർ കമ്മിറ്റി യോഗം ചേർന്നു. എംപിമാർ മത്സരിക്കുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു.
ഡൽഹിയിൽ എത്തിയ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തി. നാളെ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. ആദ്യഘട്ട പട്ടികയിൽ 60 ൽ ഏറെ സ്ഥാനാർഥികൾ ഉണ്ടാകുമെന്നാണ് സൂചന. കെ സുധാകരൻ നാളെ ഡൽഹിയിൽ എത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും .


