വയനാട് ഉരുള്‍പൊട്ടല്‍; സൈന്യം തിരച്ചിൽ അവസാനിപ്പിക്കുന്നു
വയനാട് ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിൽ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. തുടർന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും സംസ്ഥാന അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നല്‍കും.
ഇപ്പോൾ സജീവമായി തുടരുന്ന ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം മാത്രം മേഖലയില്‍ തുടരുകയും ബാക്കിയുള്ള സൈനിക സംഘങ്ങള്‍ മടങ്ങുകയും ചെയ്യും. മേഖലയിലെ ദൗത്യ ചുമതലകള്‍ പൂര്‍ണ്ണമായും കൈമാറുമെന്ന് സൈന്യം അറിയിച്ചു.
കേരളാ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം എത്ര ദിവസം വേണമെങ്കിലും തിരച്ചിൽ തുടരാന്‍ തയ്യാറാണെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു. അതേസമയം, നാളെ രാവിലെ എട്ട് മണി മുതല്‍ ജനകീയ തിരച്ചില്‍ നടത്തുമെന്നാണ് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചത്. പ്രദേശത്തെ ജനങ്ങളെയും കണ്ടുകിട്ടാനുള്ളവരുടെ ബന്ധുക്കളെയും ഒപ്പം ചേര്‍ത്താണ് തിരച്ചില്‍ നടത്തുക.